മൈസൂർ ഡയറി

   യാത്രകൾ മനോഹരമാണ്. അതിലേറെ മനോഹരമാണ് സ്കൂൾ പഠനയാത്രകൾ. ഞാൻ ഒമ്പതിൽ പഠിക്കുമ്പോഴാണ് ഈ യാത്ര പോയത്. മൈസൂർ ആയിരുന്നു ഞങ്ങളുടെ ഡെസ്റ്റിനേഷൻ. തുടക്കത്തിൽ ആൾക്കാർ കുറവായിരുന്നു. എന്നാൽ അവസാനം 40പേർ ചേർന്ന് യാത്ര ആരംഭിച്ചു. 2016 ജനുവരി 18 ഞാറാഴ്ച ഞങ്ങളുടെ യാത്ര ആരംഭിച്ചു. മലബാർ കമ്പനിയുടെ 35 സീറ്റ് ഉള്ള ബസ്സ് ആയിരുന്നു. ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നത്
ഞങ്ങളുടെ പ്രിയപ്പെട്ട ജോമേറ്റ് മാഷും, മിധുൻ മാഷും, ഉസ്മാൻ മാഷും, ബാലൻ മാഷും അതുപോലെ പ്രീത ടീച്ചർ, ലിഷ ടീച്ചർ, മായ ടീച്ചർ, ഷൈല ടീച്ചറും ആയിരുന്നു. എന്റെ ജീവിതത്തിലെ ആദ്യത്തെ കർണാടക യാത്ര ആയിരുന്നു. രാവിലത്തേക്കുള്ള ഭക്ഷണം ഓരോരുത്തരും വീട്ടിൽ നിന്നും കൊണ്ടുവന്നിരുന്നു. എല്ലാവരും ഭക്ഷണം ഷെയർ ചെയ്തും ഡാൻസും പാട്ടുമായി കൂട്ടുപുഴ എത്തി. പിന്നീട് അങ്ങോട്ട് കാടിന്റെ വശ്യത നിറഞ്ഞ കാഴ്ചകൾ ആയിരുന്നു. നോക്കാത്ത ദൂരത്തോളം പടർന്നുകിടക്കുന്ന മരങ്ങൾ, അതിനുമുകളിലൂടെ തുള്ളിചാടിപോകുന്ന കുരങ്ങുകൾ ഇതായിരുന്നു പിന്നീട് അങ്ങോട്ടുള്ള കാഴ്ച്ചകൾ. മാക്കൂട്ടം ചുരം കയറി ഞങ്ങൾ വിരാജ്പേട്ട എത്തി. നല്ല വലിയ ടൗൺ ആണ് വിരാജ്പേട്ട. അവിടെ നിന്നും ഞങ്ങൾ പോയത് കുശാൽ നഗറിൽ ഉള്ള കാവേരി നിസാർഗധമ ഫോറസ്റ്റ് പാർക്കിലേക്കാണ്. കർണാടക വനംവകുപ്പ് പരിപാലിക്കുന്ന കാവേരി നിസാർഗധമ ഫോറസ്റ്റ് പാർക്ക്   ഏത് കൂർഗ്ടൂർപാക്കേജുകളിലെയും ഏറ്റവും മനോഹരവും ആസ്വാദ്യകരവുമായ ഭാഗമാണ് ..
നിസാർഗധമ ഫോറസ്റ്റ് പാർക്ക് 
  ഇടതൂർന്ന വനത്താൽ ചുറ്റപ്പെട്ട ഈ പ്രദേശത്തെ പ്രധാന നദിയായ കാവേരി നദിയാണ് രൂപംകൊണ്ടത്. 1989 ൽ സ്ഥാപിതമായ ഇത് ഇപ്പോൾ പതിറ്റാണ്ടുകളായി സഞ്ചാരികളെ ആകർഷിക്കുന്നു. 64 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന ഇത് പ്രകൃതിദത്തമായ ഒരു അന്തരീക്ഷം പ്രദാനം ചെയ്യുന്നു, കാവേരി നദി ഇടതൂർന്ന വനത്തിലൂടെ ഒഴുകുന്ന കാഴ്ചയെ പ്രശംസിക്കാനും പക്ഷികൾ ചിരിയടക്കുന്നത് കേൾക്കാനും രാത്രിയിൽ നക്ഷത്രനിബിഡമായ തെളിഞ്ഞ ആകാശം കാണാനും മൃദുവായ കിരണങ്ങൾ കൊണ്ട് ഉണരാനും കഴിയും.ഇവിടെ ഒരു തൂക്ക് പാലം ഉണ്ട്. പാലത്തിനടയിൽ നിരവധി മീനുകൾ ഉണ്ടായിരുന്നു. ഇവിടെ ആന സവാരിയും അതുപോലെ മാനിനെ പരിപാലിക്കുന്ന ഒരു പാർക്കും ഉണ്ട്. അവിടെ നിന്ന് ഞങ്ങൾ ഫോട്ടോസ് എടുത്തു.
പുഴക്കരയിൽ നിന്ന് 
അവിടത്തെ പുഴയിൽ ഇറങ്ങി അവിടെ നിന്നും നിരവധി ഫോട്ടോസ് എടുത്തു. അവിടെ നിന്നായിരുന്നു ഞാൻ ആദ്യമായി ക്യാമറയിൽ ഫോട്ടോ എടുത്തത്.
ആദ്യത്തെ ചിത്രം 
   അവിടെ നിന്നും ഞങ്ങൾ അടുത്തതായി പോയത് ബെയ്‌ലോകുപ്പയിലെ ഗോൾഡൻ ടെംപിൾ കാണാൻ വേണ്ടിയാണ്. ഇത് ഒരു ടീബറ്റൻ കോളനി ആണ്.
ടിബറ്റൻ മൊണാസ്ട്രി 
     നഗരജീവിതത്തിന്റെ തിരക്കിൽ നിന്ന് രക്ഷപ്പെടാനുള്ള മികച്ചൊരു സ്ഥലമാണ് ഇവിടത്തെ ചെറിയ ടിബറ്റൻ കോളനി.ഇവിടുത്തെ ശാന്തതയും ആത്മീയ അന്തരീക്ഷവും എല്ലാ സന്ദർശകരെയും സ്വാഗതം ചെയ്യുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ടിബറ്റൻ വാസസ്ഥലങ്ങളിലൊന്നാണ് ഈ സ്ഥലം. 16000 ഓളം അഭയാർഥികളും 6000 ഓളം സന്യാസിമാരും കന്യാസ്ത്രീകളും ഈ മഠത്തിൽ ഉണ്ട്. ടിബറ്റിന് പുറത്തുള്ള രണ്ടാമത്തെ വലിയ ടിബറ്റൻ സെറ്റിൽമെന്റാണ് ഇവിടം. നാൽപത് അടി ഉയരമുള്ള സ്വർണ്ണ ബുദ്ധ പ്രതിമകളാണ് ഇവിടത്തെ പ്രധാന ആകർഷണം.
സ്വർണ്ണ ബുദ്ധ പ്രതിമ
  ക്ഷേത്രങ്ങളുടെയും സ്ഥാപനങ്ങളുടെയും ചുവരുകൾ ടിബറ്റൻ ബുദ്ധമത ഐതീഹ്യത്തിലെ കഥാപാത്രങ്ങളെ ചിത്രീകരിക്കുന്ന മനോഹരമായ പെയിന്റിംഗുകൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നുത് ഞാൻ അവിടെ കണ്ടു.  ഈ സ്ഥലം ശരിക്കും സന്ദർശിക്കേണ്ടതാണ്. സ്ഥലത്തിന്റെ ശാന്തമായ അന്തരീക്ഷം നിങ്ങളെ മറ്റൊരു ലോകത്തേക്ക് കൊണ്ടുപോകുന്നു. അവിടെ നിന്ന് എല്ലാവരും കൂടി ഫോട്ടോസ് എടുത്തു. അവിടെ നിന്നും കിട്ടിയ ഉന്മേഷം പറഞ്ഞറിയിക്കാൻ പറ്റാത്ത ഒന്നായിരുന്നു. മഠത്തിലും പരിസരത്തും നിരവധി ഷോപ്പിംഗ് സെന്ററുകളുണ്ട്. അവിടെ പരമ്പരാഗത ടിബറ്റൻ ഇനങ്ങൾ ആണ് വിൽക്കുന്നത്. അവിടെ നിന്നും ഞങ്ങൾ നേരെ പോയത് ബൃന്ദാവൻ ഗാർഡൻസിലേക്കാണ്.
ബൃന്ദാവൻ ഗാർഡൻ  
  പോകുന്ന വഴിക്ക് ഉച്ചഭക്ഷണം കഴിച്ച് യാത്ര തുടങ്ങി. അങ്ങോട്ട്‌ ഉള്ള യാത്രയിൽ ചെറുതായി ഒന്ന് മയങ്ങിപ്പോയി. പിന്നീട് ഞെട്ടി ഉണരുമ്പോൾ ഏകദേശം ഗാർഡൻ എത്താൻ ആയിരുന്നു. മൈസൂരിലെ വൃന്ദാവൻ ഗാർഡൻസ് ലോകത്തിലെ ഏറ്റവും മികച്ച ടെറസ് ഗാർഡനുകളിൽ ഒന്നാണ്. തിളക്കമുള്ള ജലധാരകൾ, ബൊട്ടാണിക്കൽ പാർക്ക്, വൈവിധ്യമാർന്ന സസ്യങ്ങൾ, ബോട്ടിംഗ് എന്നിവയുള്ള വൃന്ദാവൻ ഉദ്യാനങ്ങൾ എല്ലാ പ്രായക്കാർക്കും ആസ്വാദിക്കാൻ പറ്റിയ സ്ഥലമാണ്.മാണ്ഡ്യ ജില്ലയിലെ ശ്രീരംഗപട്ടണ താലൂക്കിൽ സ്ഥിതി ചെയ്യുന്ന കൃഷ്ണരാജ സാഗർ ഡാമിന് (കെആർഎസ് ഡാം) ചുറ്റുമുള്ള പ്രദേശം മനോഹരമാക്കുകയെന്നത് അന്നത്തെ മൈസൂർ സംസ്ഥാനത്തെ ദിവാൻ സർ മിർസ ഇസ്മായിലിന്റെ ആശയമായിരുന്നു  അങ്ങനെആണ് ഈ ഗാർഡൻ ഉണ്ടായത്. ഇവിടത്തെ പ്രധാന പരുപാടി ആണ് വാട്ടർ മ്യൂസിക്കൽ ഡാൻസ്.
മ്യൂസിക്കൽ വാട്ടർ ഡാൻസ് 
   അതും കണ്ട് ഞങ്ങൾ നേരെ പോയത് മൈസൂരിലെ കേരള ഹോട്ടലിലേക്കാണ്. ഇവിടെയാണ് ഇന്ന് ഞങ്ങളുടെ താമസം. രണ്ട് നിലകൾ ആണ് ഇവിടെ ഉള്ളത്. താഴെ ഭാഗം ഹോട്ടലും മുകളിൽ റൂമുകളും ആണ്. എല്ലാവരും റൂമിൽ കയറി ഫ്രഷ് ആയി ഭക്ഷണം കഴിക്കാനായി പോയി. ചപ്പാത്തി, ചിക്കൻ ആയിരുന്നു ഭക്ഷണം. ഭക്ഷണം കഴിച്ച് ഞാൻ അവിടെ മുഴുവൻ ചുറ്റി നടന്നു. അതിന് ശേഷം റൂമിലേക്ക് പോയി. ഓരോ റൂമിലും ഏഴു കുട്ടികളും ഒരു അദ്ധ്യാപകനും ആയിരുന്നു. ഞാൻ ജോമേറ്റ് മാഷിന്റെ കൂടെ ആയിരുന്നു. പാട്ടും, അനുഭവങ്ങളും എല്ലാം ഷെയർ ചെയ്തു. നമ്മുടെ കൂടെ മിധുൻ മാഷും കൂടി. പിന്നീട് ഓരോ പ്രേതകഥൾ പറയാൻ തുടങ്ങി. ജോമേറ്റ് മാഷിന്റെ ഓരോ കഥകളും ഞങ്ങളിൽ കൂടുതൽ ഭയം ഉണ്ടാക്കി. അങ്ങനെ കൊറേ നേരത്തിന് ശേഷം എല്ലാവരും കിടന്നു. രാവിലെ 6മണിയാവുമ്പോഴക്കും അടുത്ത റൂമിൽ ഉള്ളവർ വന്ന് വാതിൽ മുട്ടൽ ആരംഭിച്ചു. അവർ ആണെങ്കിൽ വേഗം കിടന്ന് ഉറങ്ങിയവർ ആണ്. അങ്ങനെ എല്ലാരും എഴുന്നേറ്റു. അതിനിടയിൽ ഞാൻ ഉസ്മാൻ മാഷിന്റെ കൂടെ പോയി ഒരു ചായ കുടിച്ചു. അപ്പോഴെത്തെക്കും എല്ലാരും റെഡിയായി. എല്ലാവരും ചേർന്ന് ഒരു ഫോട്ടോ എടുത്തു.
കേരള ഹോട്ടലിൽ 
  ഇവിടെ നിന്നും നേരെ പോയത് സെന്റ് ഫിലോമിന പള്ളി കാണാൻ വേണ്ടിയാണ്.ഈ പള്ളിയെ പറ്റി പറയുവാണേൽ
ഏഷ്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ പള്ളിയായി അംഗീകരിക്കപ്പെട്ട സെന്റ് ഫിലോമിന ചർച്ച് കത്തോലിക്കാ വിശുദ്ധനും റോമൻ കത്തോലിക്കാസഭയുടെ രക്തസാക്ഷിയായ വിശുദ്ധ ഫിലോമിനയ്ക്ക് ആദരാഞ്ജലി അർപ്പിക്കുന്നതിനായി നിർമ്മിച്ചതാണ്.
സെന്റ് ഫിലോമിന പള്ളി 
      1933 ൽ അന്നത്തെ മൈസൂർ രാജാവായിരുന്ന ശ്രീകൃഷ്ണരാജേന്ദ്ര വോഡയാർ ബഹാദൂർ നാലാമൻ നഗരത്തിലെ യൂറോപ്യൻ നിവാസികൾക്കായി പള്ളിക്ക് അടിത്തറയിട്ടു. ഏകദേശം എട്ട് വർഷത്തോളം നിർമ്മാണം നടന്ന ശേഷം, പള്ളി പ്രവർത്തിക്കാൻ തുടങ്ങിയത് 1941 ലാണ്. വിശുദ്ധ ഫിലോമിനയുടെ അവശിഷ്ടങ്ങൾ ഇവിടെ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്, ഇന്നും അത് നിലവിലുണ്ട്.ഇത് പോലെ നിരവധി ചരിത്രം ഉള്ള പള്ളിയാണ്. പള്ളിയിൽ കയറി എല്ലാ കാഴ്ച്ചകളും കണ്ടു. അതിന് ശേഷം പോയത് മൈസൂർ മൃഗശാല കാണാൻ വേണ്ടിയാണ് പോകുന്ന വഴിയിൽ പ്രഭാത ഭക്ഷണവും കഴിച്ചു. അതിന് ശേഷം ഞങ്ങൾ മൃഗശാലയിലേക്ക് പ്രവേശിച്ചു.
മൈസൂർ മൃഗശാല 
   മൈസൂർ മൃഗശാല ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്നതും വലുതുമായ മൃഗശാലകളിലൊന്നാണ്.
ലോകത്തിലെ മറ്റ് 40 ലധികം രാജ്യങ്ങളിലുള്ള വിവിധ ഏവിയൻ ജീവിവർഗ്ഗങ്ങളുടെ എണ്ണം മൈസൂർ മൃഗശാലയിലുണ്ട്. 80ഏക്കറുകളിൽ പടർന്നു കിടക്കുന്ന മൃഗശാലയാണ് ഇത്. ലോകത്ത് ഉള്ള എല്ലാ മൃഗങ്ങളെയും ഞാൻ അവിടെ കണ്ടു.


   ചുറ്റിലും നടന്ന് നടന്ന് മൃഗശാലയുടെ പുറത്ത് എത്തി. കൊറേ നേരം പുറത്ത് ഇരുന്ന ശേഷം ഞങ്ങൾ ഉച്ച ഭക്ഷണം കഴിക്കാനായി ഒരു ഹോട്ടലിൽ കയറി. നല്ല നാടൻ ഭക്ഷണം ആയിരുന്നു. പക്ഷെ അവിടെ നിന്നും ഞങ്ങളെ അവർ പറ്റിച്ചു. ചെറിയ പൈസ മാത്രമേ ഉള്ളു എന്ന് പറഞ്ഞാണ് ഞങ്ങളെ ഹോട്ടലിലേക്ക് വിളിച്ചത്. ഭക്ഷണം കഴിച്ച് ബില്ല് കൊടുക്കുമ്പോൾ പറഞ്ഞതിലും ഇരട്ടിയാക്കി. അവിടെ കൊറേ നേരം നിന്നു. ഉസ്മാൻ മാഷും മിധുൻ മാഷും നല്ലോണം വഴക്ക് പറഞ്ഞു. അങ്ങനെ അവിടെ നിന്നും ഞങ്ങൾ നേരെ പോയത് മൈസൂർ പാലസിലേക്കാണ്.
മൈസൂർ കൊട്ടാരം 
  മൈസൂർ പാലസിനെ പറ്റി പറയുവാണേൽ മൈസൂർ നഗരത്തിന്റെ ഹൃദയഭാഗത്ത് നിൽക്കുന്ന ഈ കൊട്ടാരം ഇന്ത്യയിലെ ഏറ്റവും വലിയ കൊട്ടാരങ്ങളിലൊന്നാണ്. പതിനാലാം നൂറ്റാണ്ടിൽ  യാദുരയ്യ വോഡയാർ ആണ് കൊട്ടാരം നിർമ്മിച്ചത്. 1399 മുതൽ 1950 വരെ മൈസൂർ രാജ്യം ഭരിച്ച വാഡിയാർ രാജവംശത്തിന്റെ ഔദ്യോഗിക വസതിയാണ് ഇത്. കൊട്ടാരം വളരെ വലുതായിരുന്നു. ചുറ്റിലും നടന്നു കൊറേ ചരിത്രവസ്തുക്കൾ അവിടെ ഞാൻ കണ്ടു. ഞങ്ങൾ കയറിയ സമയം നല്ല തിരക്കായിരുന്നു. അത്കൊണ്ട് വേഗത്തിൽ നടന്ന് ഇറങ്ങി. അവിടെ നിന്നും ഞങ്ങൾ നേരെ പോയത് ശ്രീരംഗ പട്ടണത്തിൽ ഉള്ള ടിപ്പുസുൽത്താന്റെ അവധിക്കാല വസതി കാണാൻ വേണ്ടിയാണ്.
ടിപ്പുവിന്റെ മഹൽ 
   ഇവിടെ തന്നെ ആണ് ടിപ്പുവിന്റെ ഖബർ ഉള്ളത്. ഈ സ്ഥലം ഒരു ഗാർഡൻ കൂടിയാണ്. പേർഷ്യൻ രീതിയിൽ ആണ് ഇവിടം പണിതത്. ടിപ്പുവിന്റെ മാതാപിതാക്കൾ, മറ്റ് ബന്തുക്കൾ എന്നിവരെയും അടക്കിയിരിക്കുന്നത് ഇവിടെ തന്നെ ആണ്. എല്ലാം കണ്ട് അവിടെ നിന്നും ശ്രീരംഗ പട്ടണത്തിൽ തന്നെ ഉള്ള ത്രിവേണി സംഗമം കാണാൻ പോയി. മൂന്ന് പുണ്യ നദികൾ കൂടി ചേരുന്ന സ്ഥലമാണ് ഇത്.
ത്രിവേണി സംഗമം 
     കാവേരി, ലോകാപവാനി, ഹേമാവതി എന്നി മൂന്ന് നദികൾ ആണ് ഇവിടെ കുടിച്ചേരുന്നത്. അവിടെ നിന്നും ഞങ്ങൾ നേരെ പോയത് ചാമുണ്ഡി ഹിൽ കാണാൻ വേണ്ടി ആണ്. അപ്പോഴേക്കും സന്ധ്യ ആയിരുന്നു. പോകുന്ന വഴയിൽ ബാലൻ മാഷും ലിഷ ടീച്ചറും പാട്ടുകൾ പാടി യാത്ര ഒന്നുകൂടി മനോഹരമാക്കി. ചാമുണ്ഡി ഹിൽ എത്തിയ ഞാൻ കണ്ടത് പ്രകാശത്തിൽ മനോഹരമായ മൈസൂരിലെ നഗരത്തെ ആണ്.
മൈസൂർ നഗരം 
  ഈ പ്രദേശത്തെ ഏറ്റവും വലിയ ആകർഷണമാണ് ചാമുണ്ടേശ്വരി ക്ഷേത്രം. പ്രധാന കുന്നിൻ മുകളിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിന് 1008 കല്ല് പടികളുണ്ട്. ഒരു കയ്യിൽ വാളും മറുവശത്ത് ഒരു സർപ്പവും ഉള്ള മഹിഷാസുരന്റെ പ്രതിമയാണ് ക്ഷേത്രത്തിൽ.
ചാമുണ്ഡി ക്ഷേത്രം 

ഇവിടെ നിന്നും ഫോട്ടോസ് എടുത്തു. പിന്നീട് എല്ലാരും ഓരോ സാധങ്ങൾ വാങ്ങാൻ വേണ്ടി പോയി. പോകുന്ന വഴി കുന്നിന്റെ പകുതിയിൽ ഒരു കാളയുടെ പ്രതിമയുണ്ട്. ഇത് ശിവന്റെ വാഹനമായ നന്ദിയാണ്. പ്രതിമയ്ക്ക് 7.6 മീറ്റർ നീളവും 4.9 മീറ്റർ ഉയരവുമുണ്ട്. ഒറ്റ കറുത്ത ഗ്രാനൈറ്റ് പാറയിൽ നിന്നാണ് ഇത് കൊത്തിയെടുത്തത്.

നന്ദി പ്രതിമ 
നന്ദി പ്രതിമയും കണ്ട് നേരെ പോയത് കേരള ഹോട്ടലിലേക്കാണ്. ഹോട്ടലിൽ നിന്ന് ബിരിയാണിയും കഴിച്ച ഞങ്ങൾ മടക്കയാത്ര തുടങ്ങി.പുലർച്ചെ അഞ്ചുമണിക്ക് നാട്ടിൽ എത്തി.
     യാത്രകളിലെ മറക്കാനാവാത്ത നിമിഷങ്ങൾ








By
  
SHAHABAS HASSAN
    

Post a Comment

1 Comments